ഡൽഹി : വടക്കുകിഴക്കൻ ഡൽഹി കലാപ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് ഉൾപ്പെടെ 11 ജുഡീഷ്യൽ ഓഫീസർമാരെ ഡൽഹി ഹൈക്കോടതി സ്ഥലം മാറ്റി. എഎസ്ജെ യാദവിനെ കർക്കർദൂമയിൽ നിന്ന് റൂസ് അവന്യൂ കോടതിയിലേക്കാണ് മാറ്റിയത്. പകരം പ്രത്യേക ജഡ്ജി (പിസി ആക്ട്) (സിബിഐ) വീരേന്ദർ ഭട്ടിനെ കർക്കർദൂമയിലേക്ക് അയച്ചു. കലാപത്തിൽ പോലീസ് അന്വേഷണത്തെ വിമർശിച്ച് യാദവ് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. കേസുകളുടെ പുരോഗതി നിരീക്ഷിക്കാൻ പോലീസ് കമ്മീഷണർ രാകേഷ് അസ്താനയോട് ഒരു പ്രത്യേക സെൽ (എസ്ഐസി) രൂപീകരിക്കാനും ആവശ്യപ്പെട്ടു.
കലാപത്തിനിടെ ഇടതു കണ്ണിന് വെടിയേറ്റ ഒരു വ്യക്തിയുടെ പരാതിയിൽ പ്രഹസന അന്വേഷണം നടത്തിയതിന് പോലീസിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കലാപക്കേസില്‍ പോലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്ന് വിനോദ് യാദവ് പറഞ്ഞിരുന്നു. പോലീസുകാരനായ ഒരു സാക്ഷി പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പോലീസുകാരന് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിനോദ് യാദവ് കുറ്റപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.