ന്യൂഡല്‍ഹി : എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ കേസില്‍ ജഡ്ജിയുടെ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. ന്യായാധിപന്‍റെ അടുത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ പ്രഥമദൃഷ്ട്യാ 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ്. 74കാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയിൽ പരാമർശമുണ്ട്.
2020ന് നന്തിയില്‍ നടന്ന കവിത ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിയില്‍ നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.