തിരുവനന്തപുരം: നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ആക്കം കൂട്ടുന്നതാണ് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ച രണ്ട് സംഭവങ്ങള്‍. ഒന്ന് പി വി ശ്രീനിജന്‍ എം എല്‍ എയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ ഓണ്‍ലൈന്‍ ന്യൂസ് ചാനലായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് അറസ്‌റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ പരമര്‍ശം. രണ്ട്, തിരുവാര്‍പ്പില്‍ ബസിന് നേരെ സിഐടിയു കൊടികുത്തിയ സംഭവത്തില്‍ പോലീസിന്റെ അലംഭാവത്തിനെതിരെയുള്ള കോടതിയുടെ രൂക്ഷ വിമര്‍ശനവും. രണ്ട് സംഭവങ്ങളും രണ്ട് സ്വഭാവമുള്ളവയാണ്. എന്നാല്‍ രണ്ട് സംഭവത്തിലും പിണറായി സര്‍ക്കാരിന്റെ പോലീസിനെയാണ് കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത് എന്നത് ശ്രദ്ധേയമാണ്. പിണറായി കയറൂരി വിട്ടിരിക്കുന്ന പോലീസിന് കുറിക്ക് കൊള്ളുന്ന തരത്തിലാണ് കോടതിയുടെ വിമര്‍ശനം.
പി വി ശ്രീനിജനെതിരെ ഷാജന്‍ സ്‌കറിയ നടത്തിയ പ്രസ്‌താവനകള്‍ അപകീര്‍ത്തികരമെല്ലെന്ന് നിരീക്ഷിച്ച കോടതി മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ചു. അന്വേഷണമെന്ന പേരില്‍ പ്രതി ചേര്‍ക്കപ്പെടാത്ത ഒരു വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ എന്താണ് അധികാരമെന്ന കോടതിയുടെ ചോദ്യത്തിന് പ്രസക്തിയേറേയാണ്. കാരണം ഒന്നേയുള്ളു മേല്‍പറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ഇടുതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം പുകഴ്ത്തി നടക്കുന്ന ഒരാളല്ലായിരുന്നു. സര്‍ക്കാര്‍ കയറൂരിവിട്ട കാലാള്‍പ്പട പോലെയായി ഇപ്പോള്‍ കേരളാ പോലീസ്. ജനങ്ങളുടെ സംരക്ഷകരായി നിലകൊള്ളേണ്ട പോലീസിന്റെ നടപടികള്‍ ഭീതിയോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്. മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന് കോടതി അടിവരയിട്ട് പറഞ്ഞപ്പോള്‍ അക്കമിട്ട് എഴുതി മാധ്യമങ്ങളെ പൂട്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ജനപ്രതിനിധികളുടെ മുഖത്തേറ്റ കനത്ത പ്രഹരമായി ഇത് മാറി.
2016 ല്‍ യുഡിഎഫ് ഭരണത്തിന്റെ അവസാന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് അവതാരകക്ക് എതിരെ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. അന്ന് സിപിഎം നേതാവ് പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് ഈ സമയത്ത് പ്രധാന്യമേറുകയാണ്. ” തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരു മാധ്യമ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ സംഘപരിവാര്‍ വേട്ടയാടുകയാണ്. രാജ്യത്താകെ കേന്ദ്ര ഭരണത്തിന്റെ അഹന്തയില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന അസഹിഷ്‌ണുതയുടെ കേരള പതിപ്പാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ ആക്രോശവും അസഭ്യ വര്‍ഷവും ഭീഷണിയും. ഒരു ഭാഗത്ത് രാഷ്‌ട്രീയ എതിരാളികളെ കായികമായി ആക്രമിക്കുന്നു.
അധികാരം ഉപയോഗിച്ച് തുറങ്കിലടയ്‌ക്കുന്നു. ഇതിനൊക്കെ കൂട്ടു നില്‍ക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ്. സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. അതിനുള്ള ആര്‍ജവമെങ്കിലും ഗവൺമെന്‍റ് കാണിക്കണം. മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തി രാഷ്‌ട്രീയ എതിരാളികളെ ആക്രമിച്ചൊതുക്കി കേരളത്തില്‍ സ്വാധീനം നേടാം എന്ന അതിമോഹം സംഘപരിവാര്‍ കെട്ടി വെക്കുന്നതാണ് നല്ലത്’.” അന്ന് മാധ്യമസ്വാതന്ത്ര്യത്തിന് പക്ഷം പിടിച്ച് വാക്കുകള്‍ കൊണ്ട് ഫേസ്‌ബുക്കില്‍ അമ്മാനമാടിയ പിണറായി എന്ത് കൊണ്ട് ഈ അവസരത്തില്‍ ശബ്‌ദിക്കുന്നില്ല എന്നതും വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകക്ക് നേരെയുണ്ടായ ആക്രമണത്തെ അന്ന് യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ പോലീസിനെ ഇറക്കി അടിച്ചമര്‍ത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ സിഐടിയു പ്രവര്‍ത്തകര്‍ ബസിന് കൊടി കുത്തിയതും പോലീസ് നോക്കി നില്‍ക്കെ ഉടമയെ മര്‍ദിക്കുകയും ചെയ്‌ത സംഭവം കേരളത്തിലെ ജനങ്ങള്‍ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ബസ് ഉടമയ്‌ക്ക് നേരെ സിഐടിയു പ്രവര്‍ത്തകന്റെ മര്‍ദനമെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കോടതിക്ക് മുന്നിലും ലേബര്‍ ഓഫീസര്‍ക്ക് മുന്നിലും തോറ്റാല്‍ എല്ലാ ട്രേഡ് യൂണിയനുകളും ഇതാണ് ചെയ്യുകയെന്ന കോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്.
ചുരുക്കത്തില്‍ പോലീസ് സര്‍ക്കാരിന്റെ ട്രേഡ് യൂണിയനുകള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കോട്ടയത്തെ ബസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നാടകം കളിച്ചതാണോ എന്ന് ഏതൊരു പൗരനും ഉണ്ടായേക്കാവുന്ന സംശയം മാത്രമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പോലീസിന്റെ നാടകങ്ങള്‍ എസ്‌എഫ്ഐ പ്രവര്‍ത്തകരുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എല്ലാവരും ആസ്വദിച്ചതാണ്. ഇത് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. പിണറായി പോലീസിന്റെ നാടകങ്ങള്‍ പൊതുജനത്തിന് ഇനി മൂന്ന് വര്‍ഷങ്ങള്‍ കൂടി കാണേണ്ടി വരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033