കോഴിക്കോട്: ബാറില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കോഴിക്കോട് തടമ്പാട്ട്താഴം സ്വദേശി പിടി മഷൂദ് (20), ചാപ്പയില്‍ സ്വദേശി കെടി അറഫാന്‍(22) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അറഫാന്‍ കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. ഈയിടെയാണ് പുറത്തിറങ്ങിയത്. മഷൂദും ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. കോഴിക്കോട് ഡി.സി.പി അനുജ് പുലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.വി ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
സംഭവത്തിന് ശേഷം ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും ബാറിലെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി പരിശോധിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്. രണ്ട് സ്ഥലങ്ങളിലാണ് ഇരുവരും രഹസ്യമായി കഴിഞ്ഞത്. കരുവിശ്ശേരി, വേങ്ങേരി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ച മഷൂദിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെ എത്തി. ബൈക്കില്‍ വരികയായിരുന്ന മഷൂദിനെ കക്കുഴിപ്പാലത്ത് വെച്ച് തടഞ്ഞെങ്കിലും ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
അറഫാനെ അരീക്കാട്ടുള്ള വാടകവീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ വാറന്റ് നിലനില്‍ക്കുന്നുണ്ട്. മോഷണം, പിടിച്ചുപറി തുടങ്ങി ഒട്ടേറെ കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. ഇതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, പി. സജേഷ് കുമാര്‍, എ. പ്രശാന്ത്, ഷാഫി പറമ്പത്ത്, സി.കെ സുജിത്ത്, ടൗണ്‍ എസ്.ഐ മുഹമ്മദ് സിയാദ്, എ.എസ്.ഐ കെ.ടി മുഹമ്മദ് സബീര്‍, സീനിയര്‍ സി.പി.ഒമാരായ ജിതേന്ദ്രന്‍, അരുണ്‍കുമാര്‍, വിജീഷ്, ഉല്ലാസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ വലയിലാക്കിയത്.