ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്‍മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഉദയനിധിയുടേത് മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നെന്നും അദ്ദേഹം ബോധപൂര്‍വമാണ് പ്രസ്താവന നടത്തിയതെന്നും അണ്ണാമലൈ ആരോപിച്ചു.
‘കോളറ, ഡെങ്കി, കൊതുക് അടക്കമുള്ളവയെ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യാം അതുപോലെ സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ ആളുകള്‍ സനാതനത്തെ എതിര്‍ക്കാനുള്ള കോണ്‍ഫറന്‍സ് നടത്തി. ഇത്തവണ ഒരു പടി കൂടി കടന്ന് ഉന്മൂലനം ചെയ്യണമെന്ന നിലയിലെത്തി. ഒരു ആശയത്തെ എതിര്‍ക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് ഉന്മൂലനം ചെയ്യണമെന്ന് പ്രഖ്യാപിക്കുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്.’- അണ്ണാമലൈ പറഞ്ഞു.