ഏറണാകുളം : പെരിയയിൽ കൃപേഷിനെയും ശരത് ലാലിനെയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് സി പി എമ്മിന്റെ ശുപാർശയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ജോലി നൽകിയ നടപടി ക്രൂരവും അപലപനീയവുമാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എം എൽ എ.
പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും മനസ് എത്രമാത്രം ക്രൂരമാണെന്നാണ് ഈ നടപടി വിളിച്ചു പറയുന്നത്. പെരിയ ഇരട്ട കൊലപാതക കേസ് അട്ടിമറിക്കുവാൻ തുടക്കം മുതലേ ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാർ പൊതു ഖജനാവിൽ നിന്നും പണമൊഴുക്കിയാണ് സി ബി ഐ അന്വേഷണത്തെ തടയുവാൻ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങളെയും ജനങ്ങളെയും പരിഹസിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇരകളുടെ കുടുംബം ഇപ്പോഴും അനാഥമാണ്. ഇതാണോ ഇടതുപക്ഷ സർക്കാരിന്റെ ‘ക്ഷേമമാതൃക’യെന്നും അദ്ദേഹം ചോദിച്ചു. പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകിയ തീരുമാനം പുന:പരിശോധിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.