ചാരുംമൂട് : ചുനക്കരയിൽ കല്ലട ജലസേചന പദ്ധതി കനാൽഭിത്തി തകർന്നത് ഒരുവർഷം കഴിഞ്ഞിട്ടും നന്നാക്കിയില്ല. രണ്ടുമാസംമുൻപു തുടങ്ങിയ പണി നീളുകയാണ്. കനാലിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി വരുന്നതേയുള്ളു. ചുനക്കര, തെക്കേക്കര പഞ്ചായത്തുകളിലെ കുടിനീർക്ഷാമത്തിനു പരിഹാരമായിരുന്നു കനാലിലൂടെയെത്തുന്ന വെള്ളം. രണ്ടാഴ്ച മുൻപ് താത്കാലിക സംവിധാനമൊരുക്കി ഒരാഴ്ചത്തേക്ക് കനാൽവെള്ളം തുറന്നുവിട്ടെങ്കിലും കോൺക്രീറ്റ് പണി തീരാത്തതിനാൽ വീണ്ടും അടച്ചു. കനാലിന്റെ സമീപപ്രദേശത്തുള്ള കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരുന്നതിനും പാടശേഖരങ്ങളിലെ നെൽക്കൃഷിക്കു വെള്ളമെത്തിക്കുന്നതിനും കനാൽ പ്രയോജനപ്പെട്ടിരുന്നു.
ചുനക്കര ചൂരല്ലൂർ തെക്കുപടിഞ്ഞാറെ പാടശേഖരത്തിലെ നെൽക്കൃഷി വെള്ളമില്ലാതെ നശിക്കുകയാണ്. കനാലിൽനിന്നുള്ള അടിയൂറ്റൽ വെള്ളമാണ് പാടശേഖരത്തിലേക്ക് എത്തുന്നത്. മഴപെയ്ത് വെള്ളം കയറിയതിനെത്തുടർന്ന് പാടശേഖരത്തിൽ ആദ്യം പാകിയ നെൽച്ചെടികൾ നശിച്ചിരുന്നു. തുടർന്ന് കർഷകർ വിലകൊടുത്തു വാങ്ങിയ മണിരത്‌ന നെൽവിത്താണ് രണ്ടുമാസംമുൻപ് കൃഷിയിറക്കിയത്. കതിരു വരുന്ന പരുവത്തിലാണ് നെൽച്ചെടി. വെള്ളം കൃത്യമായി കിട്ടിയാൽ ഒരുമാസംകഴിഞ്ഞ് കൊയ്യാമെന്നു കർഷകർ പറയുന്നു. കനാൽഭിത്തി തകർന്നതിനാൽ ചുനക്കരയിലേക്കുള്ള കനാൽ ചാരുംമൂട് പാലമൂട് ഭാഗത്ത് ഭാഗികമായി അടച്ചിരിക്കുകയാണ്. ഇതുകാരണം ചുനക്കര പഞ്ചായത്തിന്റെ മിക്കഭാഗങ്ങളിലും കനാൽവെള്ളം എത്തുന്നില്ല. വേനൽക്കാലമായതോടെ പഞ്ചായത്തിൽ ജലക്ഷാമവുമുണ്ട്. മുൻവർഷങ്ങളിൽ ടാങ്കർലോറികളിൽ വെള്ളമെത്തിച്ചാണ് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം ഒരുപരിധിവരെ പരിഹരിച്ചിരുന്നത്. എന്നാൽ ഈവർഷം അതിനുള്ള നടപടിയായിട്ടില്ല.