തൃശ്ശൂര്‍ : മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്ന കെ. രാധാകൃഷ്ണനെ എംപിയാക്കിയത് ഗൂഡ ഉദ്ദേശത്തോടെയെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ടൂറിസമോ പൊതുമരാമത്തോ ആഭ്യന്തരമോ പോലും മുതിർന്ന നേതാവായ രാധാകൃഷ്ണന് നൽകിയിരുന്നില്ല. രാധാകൃഷ്ണനെ പറഞ്ഞു വിട്ട് സ്ഥാപിത താൽപര്യക്കാരെ മന്ത്രിയാക്കാനാണ് സി പി എം ശ്രമിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു. രാധാകൃഷ്ണനോട് ആഭിമുഖ്യമുള്ള സി പി എം അണികളുടെയും അനുഭാവികളുടെയും വോട്ട് കൂടി ലക്ഷ്യമിട്ടാണ് ചേലക്കരയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് കോൺഗ്രസ് തിരികൊളുത്തുന്നത്.
പ്രചരണം അടിസ്ഥാനരഹിതമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. കെ.രാധാകൃഷ്ണനെ മാറ്റിയത് ഒതുക്കാൻ വേണ്ടിയെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മുഖ്യമന്ത്രിക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉന്നയിക്കുക എന്നത് തുടർച്ചയായുള്ള സമീപനം മാത്രമാണ്. ഇതിന് മുന്നിൽ നിൽക്കുന്നത് യുഡിഎഫാണ്. മുഹമ്മദ് റിയാസ് മന്ത്രി ആയത് മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ അല്ല. അദ്ദേഹം പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മികച്ച രീതിയിൽ നിറവേറ്റി. ഇത് പരിഗണിച്ചാണ് പദവികൾ നല്‍കിയത്. റിയാസിന്‍റെ സ്ഥാനത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.