തിരുവനന്തപുരം: എന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നുകൊണ്ടുതന്നെ പരിഹാരം കണ്ടെത്തിയ നയചാതുര്യമാണ് കെ കൃഷ്ണന്‍കുട്ടിയെ വീണ്ടും മന്ത്രി സഭയിലെത്തിച്ചത്. കഴിഞ്ഞതവണ ജലവിഭവ വകുപ്പില്‍ നടപ്പാക്കിയ പദ്ധതികളാണ് മാത്യു ടി തോമസിനെ മറികടന്ന് കെ കൃഷ്ണന്‍കുട്ടിക്ക് രണ്ടാമൂഴം ഉറപ്പിച്ചത്. ഏറെക്കാലം കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന ചിറ്റൂരിനെ ഇടത്തോട്ട് തിരിച്ചത് കെ കൃഷ്ണന്‍കുട്ടിയാണ്. 7285 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു 2016ല്‍ കോണ്‍ഗ്രസ് നേതാവ് കെ അച്യുതനെ പരാജയപ്പെടുത്തിയത്.
ഇടത് മന്ത്രിസഭ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയപ്പോള്‍, പഴയ എതിരാളി കെ അച്യുതന്റെ മകന്‍ സുമേഷിനെ ബഹുദൂരം പിന്നിലാക്കി വീണ്ടും കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലേക്ക് എത്തുകയാണ്. വണ്ടിത്താവളം എഴുത്താണി കളത്തിലെ കുഞ്ഞുകുട്ടിയുടെയും ജാനകിയുടെയും മകനായി ജനിച്ച കൃഷ്ണന്‍കുട്ടി കോണ്‍ഗ്രസ്സിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി, ജനതാദളില്‍. മികച്ച സഹകാരി കൂടിയായ കെ കൃഷ്ണന്‍കുട്ടി സ്വന്തം ഗ്രാമമായ പെരുമാട്ടിക്കായി കാര്‍ഷിക സഹകരണ മേഖലകളില്‍ തനത് വഴി കണ്ടെത്തി നല്‍കി.
ജനതാദള്‍ പിളര്‍ന്നപ്പോള്‍ എംപി വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത രൂപീകരിച്ചു. അതിന്റെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു. പിന്നെ ജെഡിഎസിനൊപ്പം ഇടതുപക്ഷത്ത് ഉറച്ച് നിന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ ആദ്യം ടേം പൂര്‍ത്തിയാക്കിയ മാത്യു റ്റി തോമസിന് ശേഷം മന്ത്രിയായ കൃഷ്ണന്‍കുട്ടി, വളരെ പെട്ടെന്നുതന്നെ വേറിട്ട പ്രവര്‍ത്തന ശൈലിയില്‍ ശ്രദ്ധേയനായി. വിളയറിഞ്ഞ് വെളളം നല്‍കുന്ന പ്രിസിഷന്‍ ഫാമിംഗിന് ഉള്‍പ്പെടെ ഏറെ പ്രചാരം നല്‍കി. ചിറ്റൂരിലെ കിഴക്കന്‍ മേഖലയിലെ കീറാമുട്ടിയായിരുന്ന കുടിവെളള പ്രശ്‌നത്തിനും വലതുകര കനാലെന്ന ആവശ്യത്തിനും കൂടി പരിഹാരമായപ്പോള്‍ ജയിച്ചുകയറിയത് 35146 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഈ ഭരണമികവ് തന്നെയാണ് മാത്യൂ ടി തോമസിനെ മറികടന്ന് കൃഷ്ണന്‍കുട്ടിയുടെ പേര് ദേശീയ നേതൃത്വം ഉറപ്പിച്ചത്.