ന്യൂഡല്‍ഹി : കെ. മുരളീധരന്‍ എം.പിയെ യു.ഡി.എഫ് കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് താഴെ വ്യാപക കമന്റുകള്‍. പെട്രോള്‍ വില വര്‍ധനക്കെതിരെയും കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ടും രാഹുല്‍ ഗാന്ധി ഫേസ് ബുക്കിലിട്ട പോസ്റ്റുകള്‍ക്ക് താഴെയാണ് മുരളീധരന് അനുകൂലമായുള്ള കമന്റുകള്‍ പ്രവഹിച്ചത്.
നിലവിലെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനാണ്. യു.ഡി.എഫ് കണ്‍വീനര്‍ കൂടിമാറിയാല്‍ മാത്രമെ കോണ്‍ഗ്രസിലെ തലമുറമാറ്റം പൂര്‍ണ തോതില്‍ സാധ്യമാകുമെന്നാണ് പ്രവര്‍ത്തകരുടെ വാദം. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുന്നതിന് മുമ്പും കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിന് മുമ്പും ഇത്തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ സമൂഹമാധ്യമ പേജുകളില്‍ ഇരുവര്‍ക്കും വേണ്ടി വാദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
