തിരുവനന്തപുരം: ശബിമല വിഷയത്തില്‍ സിപിഎമ്മിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തതയില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികള്‍ക്കൊപ്പമാണോ എന്ന് ചോദിച്ചാല്‍ അതേ എന്ന് പറയുന്ന സര്‍ക്കാര്‍ നവോത്ഥാനത്തിനൊപ്പമാണോ എന്ന് ചോദിച്ചാലും അതേ എന്നുതന്നെ മറുപടി പറയും. ഇത്തരത്തില്‍ മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ളതെന്ന് മുരളീധരന്‍ ആക്ഷേപിച്ചു.
ഈ വ്യക്തതയില്ലായ്മ സര്‍ക്കാരിന് നെഗറ്റീവ് ഇംപാക്‌ട് ഉണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശന വിഷയത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം യുഡിഎഫിന് വന്‍തോതില്‍ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. സീറ്റ് വിഭജന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹംപറഞ്ഞു. ആര്‍എംപിയെ സഹകരിപ്പിക്കണമെന്ന വികാരം വടകരയില്‍ ഇപ്പോള്‍ ശക്തമാണ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ഇടതുതരംഗം ആഞ്ഞ് വീശിയപ്പോഴും വടകരയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ ആര്‍എംപിക്കായി. യുഡിഎഫിന് ആര്‍എംപിയെക്കൊണ്ട് പ്രയോജനമുണ്ടായെന്നും നിലവില്‍ യുഡിഎഫുമായി സഹകരിക്കുമെന്ന നിലപാട് ആര്‍എംപി കൈക്കൊണ്ടിട്ടില്ലെന്നും മുരളീധരന്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍കാവില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മത്സരിക്കാന്‍ ആഗ്രഹിച്ചത് വട്ടിയൂര്‍ക്കാവില്‍ തന്നെയാണ്. പക്ഷേ എംപിമാര്‍ മത്സരിക്കേണ്ടെന്നത് പാര്‍ട്ടി തീരുമാനമായതിനാല്‍ അതിനെ പൂര്‍ണ്ണമായും താന്‍ അംഗീകരിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകില്ല എന്ന തന്റെ തീരുമാനത്തിന് മാറ്റമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്തതിനാല്‍ കടുത്ത അമര്‍ഷത്തിലായിരുന്നു കെ മുരളീധരന്‍. നേതൃത്വവുമായുള്ള അസ്വാരസ്യം കാരണം തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. വടകര മാത്രം കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനിടെ ചെന്നിത്തല നയിക്കുന്ന യാത്രയില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം ഇക്കുറി വീണ്ടും സജീവമായി രംഗത്തുവന്നു.
അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്റെ പരാതി. മുരളിക്ക് അനുകൂലമായി നിലപാടെടുക്കണമെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. മുരളീധരനെ പ്രചാരണ രംഗത്തിറക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കെപിസിസി നേതൃത്വവുമായി അകല്‍ച്ചയിലാണെങ്കിലും ലീഗുമായി നല്ല ബന്ധത്തിലാണ് മുരളീധരന്‍. കോണ്‍ഗ്രസ് വേദികളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴും ലീഗ് പരിപാടികളില്‍ മുരളീധരന്‍ പങ്കെടുക്കാറുണ്ട്.