കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് പോസ്റ്ററുകള്‍. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കല്ലാമലയില്‍ ഉള്‍പ്പെടെ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ മുരളീധരന്‍ ഇടപെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുരളീധരന്‍ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. യുഡിഎഫിന്‍റെ അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവനയെ മുരളീധരന്‍ പരിഹസിച്ചു. പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത് പോലെയാണ് ഈ പ്രസ്താവന എന്നാണ് മുരളീധരന്‍ പറഞ്ഞത്.
തിരുവനന്തപുരം ഡിസിസിക്കെതിരെയും യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി സീറ്റ് കച്ചവടം നടത്തിയെന്ന് കുറ്റപ്പെടുത്തുന്ന പോസ്റ്ററില്‍ പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനലിനും വി എസ് ശിവകുമാറിനുമെതിരെ വിമര്‍ശനമുണ്ട്. എന്നാൽ കോർപറേഷനിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രാദേശിക നേതൃത്വത്തിന് തെറ്റ് പറ്റിയെന്നാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഡിസിസി ഇടപെട്ടിട്ടില്ല. വോട്ടിങ് ശതമാനം കുറഞ്ഞത് തോൽവിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
തോൽവിയുടെ പശ്ചാത്തലത്തില്‍ കർഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള രാജ്ഭവൻ മാർച്ച് മാറ്റി. നേതാക്കളെല്ലാം തിരുവനന്തപുരത്ത് ഉണ്ടായിരിക്കേയാണ് പരിപാടി മാറ്റിയത്. വൈകിട്ട് രാഷ്ട്രീയകാര്യ സമിതിയും നിശ്ചയിച്ചിട്ടുണ്ട്.