കോഴിക്കോട് : പുനസംഘടന മുതൽ പൗരത്വ പ്രതിഷേധം വരെയുള്ള കാര്യങ്ങളിൽ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ മുരളീധരൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് മുന്നണി നടത്തിയ മനുഷ്യ മഹാശൃംഖലയിൽ വൻ തോതിൽ യുഡിഎഫ് അണികളും പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യം കെപിസിസി നേതൃത്വം ഗൗരവമായി കാണണമെന്ന് കെ മുരളീധരൻ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാക്കാൻ യുഡിഎഫ് തയ്യാറാകണം. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചു എന്നും കെ മുരളീധരൻ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിൽ ഇടത് മുന്നണിക്ക് അയഞ്ഞ നിലപാടാണ്. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു എന്നും കെ മുരളീധരൻ ആരോപിച്ചു. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ ഇടതുപക്ഷത്തിനെതിരെ പ്രതിപക്ഷം എങ്ങനെ പ്രചാരണം നടത്തുമെന്നും മുരളീധരന്‍ ചോദിച്ചു.
പ്രാദേശിക തലത്തിൽ അടക്കം ഒരുമിച്ച് നടക്കുന്ന സമരങ്ങൾ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് മുഖ്യമന്ത്രിയും ഇടത് മുന്നണിയും കാര്യങ്ങളെത്തിച്ചു. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്ളതെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. അത് കെപിസിസി അധ്യക്ഷന്റെ വിവേചനാധികാരം ആണെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി ലിസ്റ്റിൽ അനര്‍ഹര്‍ കടന്ന് കൂടിയതിനെതിരെ കടുത്ത വിമര്‍ശനമാണ് കെ മുരളീധരൻ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത്.