തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു ഉദ്ഘാടനം. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്രയും വേഗം ഇന്റര്‍നെറ്റ് സേവനം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നു പറഞ്ഞപ്പോള്‍ സ്വപ്നമെന്നു കരുതി. അത് യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്ന് കിഫ്ബിയെ വിശേഷിപ്പിച്ചവരുണ്ട്. അവര്‍ക്കു കൂടിയുള്ള മറുപടിയാണ് കെ ഫോണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയം ഉയര്‍ത്തിയപ്പോള്‍ ചിലര്‍ ചോദിച്ചു എന്തിനാണ് ഇന്റര്‍നെറ്റ്, ചിലരുടെ കൈയില്‍ സ്മാര്‍ട്ട് ഫോണുണ്ട്. രാജ്യത്ത് 50 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കാണ് ഇന്റര്‍നെറ്റ് പ്രാപ്തം. ഏത് നല്ല കാര്യത്തിനും എതിരു പറയുന്നവരുണ്ട്. എന്തിനാണ് ഇന്റര്‍നെറ്റ്, എന്തിനാണ് അതിവേഗ പാതയെന്നൊക്കെ ചോദിക്കുന്നവരുണ്ട്. ചിലര്‍ അപരിഷ്‌കൃത ചിന്തകളുമായി നാടിനെ പിന്നോട്ടടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.