പത്തനംതിട്ട : പത്തനംതിട്ട പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുമ്പഴയില്‍ ബസ്സ് തട്ടി മരിച്ച ആരോമലിന്റെ കുടുംബം. ഏക മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആരോമലിന്റെ അമ്മ ശോഭ, പോലീസിന്റെ വഴിവിട്ട നടപടികള്‍ പറയുമ്പോള്‍ ഇത്ര മനസ്സാക്ഷിയില്ലാത്തവരാണോ പത്തനംതിട്ടയിലെ പോലീസ് എന്ന സംശയം ബാക്കിയാകുന്നു. മകനെ തട്ടിയിട്ടിട്ട് ശരീരത്തിലൂടെ ബസ്സ് കയറ്റിയിറക്കിയിട്ടും ബസ്സ് യഥാസമയം പിടിച്ചെടുക്കുവാനോ ഡ്രൈവറെ അറസ്റ്റ് ചെയ്യുവാനോ പോലീസ് തയ്യാറായില്ല. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന യഥാസമയം നടത്താതെ പോലീസ് പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നും ആരോമലിന്റെ അമ്മ പറയുന്നു. ആരോമലിന്റെ കൂട്ടുകാരെ പോലീസ് ഭീഷണിപ്പെടുത്തുകയാണ്. അവര്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. തങ്ങള്‍ക്ക് നീതി കിട്ടണം, പോലീസിന്റെ മനസ്സാക്ഷിയില്ലാത്ത പെരുമാറ്റം ഇനിയും ഉണ്ടായാല്‍ ഞങ്ങള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യും….കണ്ണീരൊഴുക്കിക്കൊണ്ട് ഈ മാതാവ് പറയുമ്പോള്‍ കേരളാ പോലീസിന്റെ മുഖം വികൃതമാകുകയാണ്.
ആരോമലിന്റെ ഒപ്പം മറ്റ് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളായ മിഥുനും അഖിലും അപകടത്തിന് ദൃക്സാക്ഷികളാണ്. ഇവര്‍ക്കെതിരെയും പോലീസിന്റെ രോഷമിരമ്പി. സുഹൃത്ത് കൊല്ലപ്പെട്ടതിന്റെ വേദനയില്‍ കഴിയുന്ന യുവാക്കളോട് ഒരു കരുണയും പോലീസ് കാണിച്ചില്ല. അപകടം നടന്ന സ്ഥലത്ത് റോഡില്‍ വെച്ച് പത്തനംതിട്ട സി.ഐ ജിബു ജോണ്‍ തന്റെ കഴുത്തിന് കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തിയെന്നും അമ്മക്ക് പറഞ്ഞുവെന്നും ഇവര്‍ പറഞ്ഞു. ഇതിന്റെ പുറകെനടന്നാല്‍ നിങ്ങളെ അകത്താക്കുമെന്നും സി.ഐ ജിബു ജോണ്‍ ഭീഷണിപ്പെടുത്തിയെന്ന് വേദനയോടെ പറഞ്ഞ ഇവര്‍ ഞങ്ങളിനി എന്തിനു ജീവിക്കണം എന്നും ചോദിക്കുന്നു. ജനമൈത്രി പോലീസിലൂടെ ജനമനസ്സുകളില്‍ ഇടംപിടിക്കേണ്ട പോലീസാണ് ഇത്തരം ക്രൂരത കാണിക്കുന്നത്. മാനസികമായി തകര്‍ന്ന കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ പത്തനംതിട്ട പോലീസിന് കഴിയില്ല. പ്രത്യേകിച്ച് ഇവരോട് ക്രൂരമായി പെരുമാറിയ സി.ഐ ജിബു ജോണിന്.
പ്ലസ് ടു കഴിഞ്ഞ് സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ പഠിച്ചതാണ് ആരോമല്‍. പത്തനംതിട്ടയിലെ ഹോം അപ്ലൈന്‍സ് കടയില്‍ ഒന്നാം തീയതി ജോലിക്ക് കയറുവാന്‍ ഇരുന്നതാണ്. എന്നാല്‍ തൊട്ടു തലേദിവസം ആരോമലിനെ മരണം തട്ടിയെടുത്തു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ഈ യുവാവ്. കഴിഞ്ഞ 31 ന് വൈകുന്നേരം 7.15 നാണ് കുമ്പഴയില്‍ വെച്ച് അപകടം ഉണ്ടാകുന്നത്. കുമ്പഴ – പത്തനംതിട്ട റോഡില്‍ റിലയൻസ് സൂപ്പർ മാർക്കറ്റിന് മുമ്പിലാണ് അപകടം നടന്നത്. കുമ്പഴ പരുത്യാനിക്കല്‍ പ്രതിഭാ ഭവനില്‍ ശോഭയുടെ മകന്‍ ആരോമല്‍ പ്രസാദ് (21) ആണ് അപകടത്തില്‍പ്പെട്ടത്. പതുക്കെപ്പോയ ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആരോമലിന്റെ വാഹനത്തില്‍ ബസ്സിന്റെ മധ്യഭാഗം തട്ടുകയായിരുന്നു. സ്കൂട്ടറില്‍ നിന്നും വീണ ആരോമലിന്റെ ശരീരത്തുകൂടിയാണ് ബസ്സ് കയറിയിറങ്ങിയതെന്നും ബസ്സ് വെട്ടിച്ചതുകൊണ്ടാണ് സ്കൂട്ടറില്‍ തട്ടിയതെന്നും പറയുന്നു.
ആരോമലിന്റെ ഒപ്പം മറ്റ് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോമലിന്റെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ആരോമല്‍ സഞ്ചരിച്ച സ്കൂട്ടര്‍ തട്ടിയിട്ടത് വേണാട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തൂഫാന്‍ ബസ്സ് ആണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഈ ബസ്സ് കസ്റ്റഡിയില്‍ എടുക്കുവാനോ അപകടം ഉണ്ടാക്കിയ ഡ്രൈവറെ അറസ്റ്റ് ചെയ്യുവാനോ പോലീസ് തയ്യാറായില്ല. ബസ്സ് ഏതാണെന്ന് അറിയില്ലെന്നും സി.സി ടി.വി ക്യാമറകള്‍ പരിശോധിക്കട്ടെ എന്നുമായിരുന്നു പോലീസിന്റെ നിലപാട്. ഒപ്പം അപകടം നടന്ന സ്ഥലത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന്റെ ഒത്താശയോടെ ചിലര്‍ ഭീഷണിപ്പെടുത്തി നശിപ്പിച്ചുവെന്നും ആരോപണമുണ്ട്.
പോലീസിന്റെ അനാസ്ഥയിലും പ്രതികളെ രക്ഷപെടാന്‍ സഹായിക്കുന്നു എന്നാരോപിച്ചുകൊണ്ടും ബി.ജെ.പി സമരരംഗത്തേക്ക് കടന്നുവന്നു. രണ്ടാം തീയതി ബി.ജെ.പിയുടെ നേതൃത്വത്തില്‍ വേണാട് ഗ്രൂപ്പിന്റെ ബസ്സുകള്‍ വഴിയില്‍ തടയാന്‍ തീരുമാനിച്ചതോടെ പോലീസ് അപകടത്തില്‍പ്പെട്ട ബസ്സ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അപ്പോഴും ഡ്രൈവര്‍ ആരെന്ന് അറിയില്ലെന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത്. അമിത വേഗതയിൽ തെറ്റായ ദിശയിൽ വന്ന ബസാണ് ഇടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടും കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ പോലീസും മോട്ടോർവാഹനവകുപ്പും തയ്യാറായിട്ടില്ല. കുറ്റവാളികളെ രക്ഷിക്കുവാനാണ് പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും നീക്കമെന്ന് ബി.ജെ.പി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂര്‍, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ എന്നിവര്‍ പറഞ്ഞു.