തൃശ്ശൂര്‍ : ലാളിത്യവും പരിചയ സമ്പന്നതയുമാണ് കെ രാധാകൃഷ്ണന്‍ എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റിന്റെ മുഖമുദ്ര. മന്ത്രിയായും സ്പീക്കര്‍ ആയും തിളങ്ങിയ കെ രാധാകൃഷ്ണന്‍ ഒരിക്കല്‍ കൂടി ഭരണ രംഗത്ത് എത്തുമ്പോള്‍ അത് അര്‍ഹതക്കുള്ള അംഗീകരമാവുകയാണ്. മികച്ച പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം നൂറുമേനി വിളയിക്കുന്ന കര്‍ഷകന്‍ കൂടിയാണ് രാധാകൃഷ്ണന്‍.
തോന്നുര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടേയും ചിന്നയുടെയും മകനായ രാധാകൃഷ്ണന്‍ കഷ്ടതകളുടെ കനല്‍ വഴികള്‍ ഏറെ താണ്ടിയാണ് ചേലക്കരക്കാരുടെ മുഴുവന്‍ പ്രിയപ്പെട്ട രാധേട്ടനായി വളര്‍ന്നത്. പട്ടിണി നിറഞ്ഞ ബാല്യകാലം. നാട്യന്‍ചിറയിലെയും തോന്നൂര്‍ക്കരയിലെയും പാടങ്ങളില്‍ കന്നു പൂട്ടിയും വിത്തെറിഞ്ഞും നിവര്‍ന്നു നില്‍ക്കാന്‍ പണിപ്പെട്ട കൗമാരകാലം. കേരളവര്‍മ്മ കോളജിലെ ബിരുദ ക്ലാസിലെത്തിയ രാധാകൃഷ്ണന്‍ എന്ന എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് പൊതുകാര്യവും തന്‍കാര്യവും രണ്ടായിരുന്നില്ല.
ചേലക്കരയുടെ അടിയുറച്ച ജനകീയ മുഖമാണ് കെ രാധകൃഷ്ണന്‍. കോണ്‍ഗ്രസ് മണ്ഡലമായിരുന്ന ചേലക്കരയില്‍ നിന്നാണ് 1996 ല്‍ ആദ്യമായി രാധാകൃഷ്ണന്‍ ജനവിധി തേടുന്നത്. നായനാര്‍ മന്ത്രിസഭയിലെ പട്ടികജാതി – പട്ടിക വര്‍ഗക്ഷേമമന്ത്രിയായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 2001 ല്‍ ചീഫ് വിപ്പായി. 2006 ല്‍ ഹാട്രിക്ക് വിജയത്തോടെ നിയമസഭാ സ്പീക്കര്‍ ആയി.
2016 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുന്ന രാധാകൃഷ്ണന്‍ സംഘടനരംഗത്ത് സജീവമായി.സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറിയായി. പിന്നീട് കേന്ദ്രകമ്മിറ്റി അംഗവും. പൂര്‍ണമായി സംഘടനാ പ്രവര്‍ത്തനവും കൃഷിയുമായി കഴിഞ്ഞിരുന്ന രാധാകൃഷ്ണന്‍ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത് അപ്രതീക്ഷിതമായി. 5ാം തവണ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ രാധേട്ടനെ ചേലക്കരക്കാര്‍ ജയിപ്പിച്ചത് വമ്പിച്ച ഭൂരിപക്ഷത്തില്‍. പതിറ്റാണ്ടുകളോളം ജനപ്രതിനിധിയായ തഴക്കവും പഴക്കവുമുളള നേതാവ് വീണ്ടും മന്ത്രിയാകുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ ഏറെയാണ്.