തിരുവനന്തപുരം ; സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന സില്‍വർലൈൻ പദ്ധതിക്കെതിരെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ പദ്ധതി നടത്തിപ്പുകാരായ കെ–റെയിൽ വിദഗ്ധരുടെ ചർച്ച സംഘടിപ്പിക്കുന്നു. സില്‍വര്‍ ലൈനിന്റെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക് വര്‍മയടക്കമുള്ളവരെയാണ് ചർച്ചയ്ക്ക് സർക്കാർ വിളിച്ചത്. ഏപ്രിൽ 28ന് മാസ്കറ്റ് ഹോട്ടലാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. അലോക് വര്‍മ, സുബോധ് ജെയിന്‍, ആര്‍.വി.ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരെല്ലാം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.
മാത്രമല്ല പദ്ധതിയെ അനുകൂലിക്കുന്ന 3 പേരും ചർച്ചയിൽ സംസാരിക്കും. കെ–റെയിലിനു വേണ്ടി റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രന്‍നായർ തുടങ്ങിയവർ സംസാരിക്കും. സയൻസ് ആൻഡ് ടെക്നോളജി പ്രിന്‍സിപ്പൽ സെക്രട്ടറി കെ.പി.സുധീറാണ് മോഡറേറ്റർ. 2 മണിക്കൂർ ചർച്ച കേൾക്കാൻ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങൾക്കും ചർച്ചയിലേക്കു ക്ഷണമുണ്ട്.
സില്‍വര്‍ ലൈനില്‍ സ്റ്റാന്‍ഡേഡ് ഗേജ് പ്രായോഗികമല്ലെന്നും ബ്രോഡ്‌ഗേജില്‍ ചെയ്യാനുമായിരുന്നു അലോക് വര്‍മ ആവശ്യപ്പെട്ടത്. ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും തട്ടിക്കൂട്ട് ഡി.പി.ആറാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സില്‍വര്‍ ലൈനിന് പിന്നില്‍ ചില താല്‍പര്യമുണ്ടെന്നും അലോക് വര്‍മ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനേയോ കാണാനുള്ള അനുമതി തരണമെന്നായിരുന്നു ആവശ്യം. പക്ഷെ അനുമതി ലഭിച്ചിരുന്നില്ല. ഇത് വിവാദമായതോടെയാണ് 28 ന് കാണാമെന്ന അറിയിപ്പ് അലോക് വര്‍മയ്ക്ക് ലഭിച്ചത്.