തൃശ്ശൂര്‍ : കഴിഞ്ഞ 40 വര്‍ഷത്തില്‍ ഒരാള്‍ പോലും തുടര്‍ച്ചയായി രണ്ടാമത് വിജയിച്ച ചരിത്രമില്ലാത്ത ഒല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് ആ ചരിത്രം തിരുത്തിക്കുറിച്ച് സഭയിലെത്തിയിരിക്കുകയാണ് കെ.രാജന്‍. സിപിഎമ്മിനൊപ്പം സിപിഐയും മന്ത്രിമാരില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതോടെ ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് ചീഫ് വിപ്പായിരുന്ന രാജന്‍ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് എത്തുകയാണ്.
എഐഎസ്‌എഫിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് സജീവ പ്രവര്‍ത്തകനാകുന്നത്. എഐവൈഎഫ് ദേശീയ സെക്രട്ടറിയായി. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള കെ.രാജന്‍ ഇപ്പോള്‍ സിപിഐ സംസ്ഥാന എക്സി.അംഗമാണ്.
അന്തിക്കാട് ഗവ. എല്‍ പി സ്‌കൂളിലും ഹൈസ്‌കൂളിലും പ്രാഥമിക പഠനം, തൃശൂര്‍ കേരളവര്‍മ കോളേജിലും, ശക്തന്‍ തമ്പുരാന്‍ കോളേജിലുമായി ബിരുദ പഠനം പൂര്‍ത്തിയാക്കി. ഈ കാലഘട്ടത്തില്‍
തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമത്തിലും ബിരുദം നേടി. ശേഷം തൃശൂര്‍ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.
വിദ്യാഭ്യാസ കച്ചവടം, പെന്‍ഷന്‍ പ്രായ വര്‍ധന, അതിരപ്പിളളി പാരിസ്ഥിതിക പ്രശ്‌നം, വൈദ്യുതി നിരക്ക് വര്‍ദ്ധന, സോളാര്‍ കേസ്, ബാര്‍ കോഴ കേസ് തുടങ്ങിയ വിദ്യാര്‍ഥി-യുവജന സമരമുഖങ്ങളില്‍ നേതൃത്വം വഹിച്ചു. നിരവധി വിദ്യാര്‍ഥി യുവജന സമരമുഖങ്ങളില്‍ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി, നാല് തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. എ ഐ എസ് എഫ്, എ ഐ വൈ എഫ് ജില്ലാ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തിക്കാട് പുളിക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടി മേനോന്റെയും രമണിയുടേയും മൂത്ത മകനായി 1973 മേയ് 26ന് അന്തിക്കാട് ജനിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയും ബാലവേദിയിലൂടെയും ചടയംമുറി സ്മാരകത്തിലെ കെ.ജി കേളന്‍ ഗ്രന്ഥശാലയിലൂടെയും പൊതുപ്രവര്‍ത്തന രംഗത്തെത്തി. മൂവാറ്റുവുഴ തൃക്കളത്തൂര്‍ പുതുച്ചേരിയില്‍ അനുപമയാണ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്) ഭാര്യ.