തിരൂര്‍ : പ്രവചനാതീതമായ കാലാവസ്ഥകളെ നേരിടുന്നതിന് ജനങ്ങളില്‍ ദുരന്തനിവാരണ സാക്ഷരത അനിവാര്യമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തസാഹചര്യങ്ങളില്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി തിരൂര്‍ പറവണ്ണയില്‍ ഒരുക്കിയ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് മഹാപ്രളയമുള്‍പ്പടെ ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ സാധിച്ചത്.
ദുരന്തങ്ങളെ നേരിടുന്നതില്‍ പരിശീലനം നല്‍കുകയാണ് ദുരന്തനിവാരണ സാക്ഷരതയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും പറവണ്ണയിലേതുള്‍പ്പടെ വിവിധോദ്ദേശ്യ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ലോക ബാങ്കിന്റെ സഹായത്തോടെ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതി പ്രകാരമാണ് തിരൂര്‍ താലൂക്കിലെ വെട്ടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പറവണ്ണ ജി.എം.യു.പി സ്‌കൂള്‍ പരിസരത്തായി കെട്ടിടം യാഥാര്‍ഥ്യമാക്കിയത് .