പത്തനാപുരം : ഗണേഷ് കുമാര്‍ സി.പി.ഐക്കെതിരെ കാനത്തിന് പരാതി നല്കിയാല് അതിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നും ഗണേഷ് കുമാറിന് തലക്കനമാണെന്നും മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ അഡ്വ.കെ.രാജു. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയവിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന് അനുയോജ്യമായ രീതിയില്‍ എം.എല്‍.എ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിടിച്ചുകെട്ടാനറിയാം. സി.പി.ഐയെയും സി.പി.എമ്മിനെയും തമ്മിലടിപ്പിക്കാനാണ് ഗണേഷ് കുമാര്‍ ശ്രമിക്കുന്നത്. അസൂയയും കുശുമ്പുമാണ് ഗണേഷ് കുമാറിന്. അദ്ദേഹത്തിന് പല രീതിയിലും അഭിനയിക്കാനറിയാം. പത്തനാപുരത്ത് വികസന മുരടിപ്പാണെന്നും രാജു കൂട്ടിച്ചേര്‍ത്തു.
ഗണേഷ് കുമാറിനെതിരെ സി.പി.ഐ രാഷ്ട്രീയവിശദീകരണ യോഗം നടത്തിയതോടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കവും അഭിപ്രായവ്യത്യാസങ്ങളും മറനീക്കി പുറത്തുവരികയാണ്. കഴിഞ്ഞ മണ്ഡലം സമ്മേളനങ്ങള്‍ മുതലാണ് ഇരുവിഭാഗവും തമ്മിലുള്ള പോര് മുറുകിയത്. സി.പി.ഐയുടെ പത്തനാപുരം, കുന്നിക്കോട് മണ്ഡലം സമ്മേളനങ്ങളില്‍ പേരെടുത്തുപറഞ്ഞ് എം.എല്‍.എയെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കേരള കോണ്‍ഗ്രസ് ബിയുടെ നിയോജക മണ്ഡലം നേതൃത്വ ക്യാമ്പില്‍ സി.പി.ഐക്കെതിരെ ഗണേഷ് കുമാര്‍ പരസ്യ വിമര്‍ശനമുന്നയിച്ചു.
പിന്നാലെയാണ് സി.പി.ഐ പത്തനാപുരം മണ്ഡലം നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം ചേര്‍ന്നത്. ഹോര്‍ട്ടികോര്‍പ് ചെയര്മാന് അഡ്വ.എസ്.വേണുഗോപാല്‍, ജില്ല കൗണ്‍സില്‍ അംഗം എം.ജിയാസുദ്ദീന്‍ എന്നിവര്‍ രൂക്ഷമായാണ് എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്. കേരള കോണ്‍ഗ്രസ് ബിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാഷ്ട്രീയവിശദീകരണയോഗം ചേരുന്നുണ്ട്.