പന്തളം : പുതുവർഷത്തിൽ കെ-സ്മാർട്ട് സംവിധാനം നിലവിൽ വരുന്നതോടെ പന്തളം നഗരസഭയും ഡിജിറ്റലാകുന്നു. ഇതിനാവശ്യമായ സോഫ്‌റ്റ്‌വെയർ വിന്യാസം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നഗരസഭയിൽ ഏർപ്പെടുത്തിക്കഴിഞ്ഞെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു. പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും സേവനം ലഭിക്കുന്നതിനുമായി സിറ്റിസൺ ലോഗിൻ, അക്ഷയകേന്ദ്രങ്ങൾ പോലുള്ള സ്ഥാപനങ്ങൾക്കായി ഓർഗനൈസേഷൻ ലോഗിൻ, ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി എംപ്ലോയീ ലോഗിൻ എന്നിവയിലൂടെ പ്രവേശിക്കാം. ആദ്യഘട്ടത്തിൽ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, കെട്ടിടനിർമാണ പെർമിറ്റ്, കെട്ടിടനികുതി ഒടുക്കൽ, സ്ഥിര താമസ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വ്യാപാര ലൈസൻസുകൾ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുക.
ഘട്ടംഘട്ടമായി പൂർണമായും ഇ-സേവനങ്ങൾ നടപ്പാക്കി കടലാസുരഹിത സ്‌മാർട്ട് ഓഫീസാക്കാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷയുടെ വിവരങ്ങളും പുരോഗതിയും വാട്‌സാപ്പിലൂടെയും ലഭിക്കും. മൊബൈൽ ആപ്പ് വഴിയായി വിവിധ നികുതികൾ ഒടുക്കാൻ കഴിയും. ഇത് നിലവിൽ വരുന്നതോടെ നഗരസഭയിലെ ഫ്രണ്ട് ഓഫീസ് നിർത്തലാക്കും. ജനങ്ങൾക്ക് അവബോധം ഉണ്ടാക്കാനും തുടക്കത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ഒരുമാസം നഗരസഭയിൽ പ്രത്യേകം കൗണ്ടർ തുറക്കും. ആവശ്യമെങ്കിൽ നഗരസഭയുടെ വിദൂര സ്ഥലങ്ങളിൽ ജനസേവനകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കും.