കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പണം വാങ്ങുന്നത് താന്‍ കണ്ടെന്ന് മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവര്‍ അജിത്. മോന്‍സണിന്റെ കയ്യില്‍ നിന്നും പത്ത് ലക്ഷം രൂപയാണ് സുധാകരന്‍ വാങ്ങിയതെന്നും അജിത് ഒരു ഓൺലൈൻ ന്യൂസിനോട് വെളിപ്പെടുത്തി. ഐ.ജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് പറയുന്നു. മുഖ്യമന്ത്രിയുടെ പിഎസിനെതിരായ മോന്‍സന്റെ പരാമര്‍ശം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും അജിത് ആരോപിച്ചു.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഈ മാസം 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടിസ്. ഇന്ന് വരാൻ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് നിർദേശം. പരാതിക്കാർ നാളെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ കൈമാറും. മുൻ നിശ്ചയിച്ച പാർട്ടി പരിപാടികൾ ഉൾപ്പെടെ ഉള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്നു അഭിഭാഷകൻ മുഖേന സുധാകരൻ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത് പരിഗണിച്ചാണ് പുതിയ തിയതി നല്‍കിയത്. അതേസമയം, സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം ആവർത്തിക്കുന്നു.