കണ്ണൂര്‍ : മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരെ മത്സരിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മത്സരിക്കാന്‍ പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ തയ്യാറായിരുന്നു. മത്സരിക്കുകയും ചെയ്യും, മണ്ഡലത്തില്‍ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ യാതൊരു വിധ സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എന്നാല്‍ തനിക്ക് ജീവിതവും ജീവനുമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കെ സുധാകരന്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്നൊരുക്കത്തിന് സമയമില്ലെന്ന് ചൂണ്ടിക്കാണിച്ച് മത്സരിക്കാന്‍ തയ്യാറല്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്നും ജില്ലയില്‍ അഞ്ച് മണ്ഡലങ്ങള്‍ യുഡിഎഫ് നേടുമെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി സെക്രട്ടറി സി രഘുനാഥാണ് നിലവില്‍ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.