തിരുവനന്തപുരം : നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കഴിഞ്ഞ ദിവസം പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയിലാണ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
നാളികേര വികസന ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടമെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഭരണകൂട ഇടപെടലിലൂടെ മില്‍മ ഭരണം പിടിച്ചെടുത്തപ്പോള്‍ പാര്‍ലമെന്റില്‍ കേര വികസന ബോര്‍ഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാന്‍ വഴിയൊരുക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വന്‍ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങള്‍ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ഇതിനെ കോണ്‍ഗ്രസ് സാധ്യമായ എല്ലാ രീതിയിലും പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ പാസാക്കി. ഇതാദ്യമായല്ല സംഘപരിവാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവര്‍ക്കിഷ്ടമുള്ള നിയമം പാസാക്കി എടുക്കുന്നത്.
എന്നാല്‍ കോകനട്ട് ഡെവലപ്പ്മെന്റ് ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. ഗാന്ധിജി മുന്നോട്ട് വെച്ച മഹത്തായ ആശയമാണ് ഗ്രാമ സ്വരാജ്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാക്കുന്നതില്‍ നമ്മെ മുന്നോട്ട് നയിച്ചത് ആ ആശയങ്ങളാണ്. അതിലേക്ക് ഉള്ള വഴിയായിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍.
എന്നാല്‍ സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. കേരളത്തില്‍ ഭരണകൂട ഇടപെടലിലൂടെ മില്‍മ ഭരണം പിടിച്ചെടുത്തപ്പോള്‍ പാര്‍ലമെന്റില്‍ കേര വികസന ബോര്‍ഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാന്‍ വഴിയൊരുക്കുകയാണ് ബി.ജെ.പി ചെയ്തത്.
ദുരിത കാലത്ത് സഹകരണ പ്രസ്ഥാനങ്ങളാണ് സുസ്ഥിര വികസനം സാധ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാല്‍ ഇവിടെ കാണുന്നത് സഹകരണ പ്രസ്ഥാനങ്ങളില്‍ ആശ്രയിച്ചവരെ വഴിയാധാരമാക്കി രാഷ്ടീയ സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി കൊള്ള നടത്തുന്ന സര്‍ക്കാരുകളെയാണ്.
രാജ്യത്തെ കാര്‍ഷിക വിപണി മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ച് നല്‍കാനുള്ള നിയമത്തിനെതിരെ നാളുകളായി വന്‍ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങള്‍ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെ കോണ്‍ഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കും.