തിരുവനന്തപുരം: കെ സുധാകരന്റെ അറസ്റ്റില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. പാറ്റ്‌നയിലെ പ്രതിപക്ഷ സഖ്യ ചര്‍ച്ച ദിവസം തന്നെ ഉണ്ടായ അറസ്റ്റ് ബിജെപിയെ സുഖിപ്പിക്കാനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പിണറായിയുടെ മോദി വിരുദ്ധത എത്രയുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി വാ മൂടിക്കെട്ടാമെന്നത് വ്യാമോഹമാണെന്നും മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണെന്നും പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തനിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഒളിവില്‍ പോകില്ല. ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാന്‍ മനക്കരുത്തുണ്ട്. ആശങ്കയോ ഭയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.