തിരുവനന്തപുരം: ലോക കേരളസഭ ധൂര്‍ത്തിന്റെ പര്യായമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അമേരിക്കയില്‍ ലോക കേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. കമഴ്ന്നുവീണാല്‍ കാല്‍പ്പണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണെന്നും സുധാകരന്‍ പരിഹസിച്ചു.
ഭരണനിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകര്‍ന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിനു പകരം തൊട്ടടുത്ത കര്‍ണാടകത്തിലേക്കു പോയാല്‍ പ്രയോജനം കിട്ടും. സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് പത്തുദിവസമേ ആയുള്ളുവെങ്കിലും കര്‍ണാടകത്തില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. തന്റെ വാഹനം കടന്നുപോകുമ്പോള്‍ മറ്റു വാഹനം തടഞ്ഞ് ഗതാഗതം തടസപ്പെടുത്തരുത് എന്ന മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവു തന്നെ 40 വാഹനങ്ങളുടെ അകമ്പോടിയോടെ, പോകുന്നിടത്തൊക്കെ ഗതാഗതം തടസപ്പെടുത്തുന്ന പിണറായി വിജയന് പഠിക്കാവുന്ന ഒന്നാന്തരം പാഠമാണ്. കര്‍ണാടകത്തില്‍ നടപ്പാക്കിയ കുടുംബനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യവൈദ്യുതി, ഡിഗ്രിയുള്ള തൊഴില്‍രഹിതര്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും തുടങ്ങിയവയും മാതൃകയാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.