തിരുവനന്തപുരം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വോട്ടു മറിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് എം.വി.ഗോവിന്ദന്റെ പ്രതികരണമെന്നു സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഇതുപോലുള്ള പരിഹാസ്യമായ പ്രസ്താവന ഇറക്കുന്നത് അദ്ദേഹത്തിന്റെ നിലയും വിലയും തകര്‍ക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി കോണ്‍ഗ്രസിനു വോട്ടു ചെയ്യുക… അങ്ങനൊരു സംഭവം ഉണ്ടോ ഈ രാജ്യത്ത്. സിപിഎമ്മിനു വോട്ടു ചെയ്തിട്ടുണ്ട്… എന്തിനാണെന്നു വച്ചാല്‍ കോണ്‍ഗ്രസ് രഹിത ഭാരതമുണ്ടാക്കാനായി. കേരളത്തില്‍ ബിജെപി സിപിഎമ്മിനു വോട്ടു കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ക്കു വോട്ടു തരില്ലല്ലോ. ഞങ്ങളല്ലേ അവരുടെ പ്രഖ്യാപിതമായ ശത്രു. അന്തര്‍ധാരയില്‍ ബന്ധം പുലര്‍ത്തി പോകുന്ന പാര്‍ട്ടികളല്ലെ അത്. അല്ലെങ്കില്‍ പിണറായി വിജയനോ സുരേന്ദ്രനോ ഇങ്ങനെ ഇറങ്ങി നടക്കുമോ. ആ ബന്ധത്തിന്റെ ബാക്കിപത്രമല്ലേ സുരേന്ദ്രനും പിണറായി വിജയനും ഈ കേരള രാഷ്ട്രീയത്തില്‍. പരസ്പര ധാരണയില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന സിപിഎം – ബിജെപി ബന്ധത്തിന്റെ ഇടമുറിയാത്ത ചരിത്രത്തിന്റെ ഭാഗമല്ലേ അവരൊക്കെ. അത് അനുഭവത്തില്‍ കാണുന്ന കേരളത്തിലെ ജനങ്ങള്‍ ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന എത്ര പരിഹാസത്തോടയാണു കാണുക എന്നു സ്വയം ആലോചിച്ചാല്‍ മതി – സുധാകരന്‍ പറഞ്ഞു.