കണ്ണൂർ: മാസപ്പടി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി ഗവര്‍ണര്‍മാര്‍ക്ക് വിരുന്നൊരുക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരള ഹൗസില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു ഇത്. മാസപ്പടി കേസ് നിര്‍ണായക ഘട്ടത്തിലേക്കു കടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അസാധാരണനീക്കം. ബി.ജെ.പിയുമായുള്ള ഡീലുകളുടെ തുടര്‍ച്ചയാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. മാസപ്പടി കേസില്‍ പിണറായി വിജയനെ പിന്തുണക്കാന്‍ വിസമ്മതിച്ചതുകൊണ്ടാണ് കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഇറക്കിവിട്ടത്.
മന്ത്രിയും രണ്ടു തവണ എം.എല്‍.എയും എം.പിയും കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷയുമായ ശ്രീമതി ടീച്ചറെപ്പോലെയുള്ള ഒരാള്‍ക്ക് ഇതാണ് അവസ്ഥ. പിന്തുണ മാത്രം പോരാ പിണറായി വിജയന്. സൂര്യന്‍, ചന്ദ്രന്‍, അര്‍ജുനന്‍, യുദ്ധവീരന്‍ തുടങ്ങിയ സ്തുതികള്‍കൊണ്ട് മുഖ്യമന്ത്രിയെ മൂടാത്ത ആര്‍ക്കും പാര്‍ട്ടിയില്‍ രക്ഷയില്ലാത്ത അവസ്ഥയാണ്. സ്തുതിച്ചിട്ടുപോലും എ.കെ. ബാലനെപ്പോലുള്ള പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവിന് നിന്നു പിഴക്കാനാകുന്നില്ല.