തിരുവനന്തപുരം : ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ കുടുംബത്തിന് നീതിക്കായി പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. മുസ്ലിം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തനത്തിന്റെ നിഴലില്‍ നിര്‍ത്തിയ പിണറായി വിജയന്റെ പോലീസിന്റെ നടപടി സംശയാസ്പദമാണെന്നും സുധാകരന്‍ പറഞ്ഞു.
വിവാദമായപ്പോള്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തടിയൂരാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര വ്യക്തമാണ്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും പിന്‍വലിക്കാന്‍ തയാറാകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് ജനകീയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരവാദികളാക്കന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.