തിരുവനന്തപുരം : ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരി ക്രൂര പീഡനത്തിനിരയായതിന് പിന്നാലെ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തി. നിങ്ങളുടെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണമെന്ന് സുധാകരന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കസേരയില്‍ ഒരു വടിയെങ്കിലും കുത്തി വെക്കാന്‍ ഞങ്ങള്‍ മുന്നേ പറഞ്ഞിരുന്നു. ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സര്‍ക്കാരിനെ പരിഹസിക്കാന്‍ പോലും അറപ്പ് തോന്നിപ്പോകുന്നു.
താങ്കളും ഒരു പെണ്‍കുട്ടിയുടെ അച്ഛനല്ലേ പിണറായി വിജയന്‍ ? ഇന്നലെ ഇടുക്കിയില്‍ നടന്ന ദാരുണ സംഭവം ഈ മണ്ണില്‍ ജീവിക്കുന്ന ഓരോ രക്ഷിതാവിനെയും പേടിപ്പെടുത്തുന്നതാണ്. താങ്കളുടെ പിടിപ്പുകേടിനും കഴിവില്ലായ്മയ്ക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണം മുഖ്യമന്ത്രി? കേരളത്തിലിന്നോളം കേട്ടുകേള്‍വിയില്ലാത്ത വിധം പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ നിങ്ങള്‍ക്കാ കസേരയില്‍ ഇരിക്കാന്‍ എങ്ങനെ മനസ്സ് വരുന്നു ?- സുധാകരന്‍ ചോദിക്കുന്നു.
‘വാളയാറിലും പാലത്തായിയിലും തുടര്‍ന്നിങ്ങോട്ട് പ്രളയം പോലെ നടന്നു വരുന്ന ഓരോ സംഭവങ്ങളും തെളിയിക്കുന്നുണ്ട് എത്രമാത്രം പരാജയമാണ് താങ്കളെന്ന്! എന്നിട്ടും ഒരുളുപ്പുമില്ലാതെ കേരളത്തിലെ രക്ഷിതാക്കള്‍ക്കും അതിജീവിതമാര്‍ക്കും താങ്കള്‍ ‘ഉറപ്പ് ‘ കൊടുക്കുകയാണ്. വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളെ ഇത്ര നീചമായി പറഞ്ഞു പറ്റിക്കാന്‍ എങ്ങനെ സാധിക്കുന്നു? ധാര്‍മികതയുടെ അര്‍ത്ഥം താങ്കളെ പറഞ്ഞു പഠിപ്പിക്കാന്‍ ജീവനില്‍ പേടിയുള്ള സിപിഎമ്മുകാര്‍ മുതിരില്ല. അതുകൊണ്ട് ആഭ്യന്തര മന്ത്രിസ്ഥാനം സ്വയം രാജി വെച്ചൊഴിയാന്‍ താങ്കള്‍ തന്നെ തയ്യാറാകണം- കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.