തിരുവനന്തപുരം : കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സമാനതകളില്ലാത്ത വികസന മുന്നേറ്റം കൊണ്ട് കേരളത്തിന്റെ മുഖം മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഭരണം നാടിന്റെ സുവര്‍ണ്ണ കാലഘട്ടമായി ചരിത്രത്തിലുണ്ടാകും. സമസ്ത മേഖലകളും തകര്‍ത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ച പിണറായി സര്‍ക്കാരിനെ കാണുമ്പോഴാണ് ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ 18,728 ദിവസങ്ങള്‍ പിന്നിട്ട ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ.സുധാകരന്റെ വിമര്‍ശനം. കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍, ശ്രുതി തരംഗം, കാരുണ്യ, പുതിയ റോഡുകള്‍, നൂറിലേറെ വലിയ പാലങ്ങള്‍, വര്‍ധിപ്പിക്കുകയും ഒരിക്കല്‍ പോലും മുടങ്ങാതെ കൊടുക്കുകയും ചെയ്ത ക്ഷേമപെന്‍ഷനുകള്‍, 4 ലക്ഷത്തിലേറെ വീടുകള്‍, പുതിയ സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളിലെഴുതിച്ചേര്‍ത്ത പേരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് കെ.സുധാകരന്‍ പറയുന്നു.