ഇടുക്കി : പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവം ഒരു തരത്തിലും ന്യായീകരിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കൊലപാതകം കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും നിരന്തരം കൊലപാതകങ്ങള്‍ നടത്തുന്നത് സി പി എമ്മിന്റെ രീതിയാണെന്നും സുധാകരന്‍ ആരോപിച്ചു.
ഇടുക്കി സംഭവം ഏതു സാഹചര്യത്തിലാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും കുറ്രക്കാരെ സംരക്ഷിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇടുക്കിയിലെ സി പി എമ്മിലെ തന്നെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന ഒരു ആരോപണവും കേള്‍ക്കുന്നുണ്ടെന്നും അതിനെകുറിച്ചും അന്വേഷിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
മുന്‍ മന്ത്രി എം എം മണിയുടെ വിഭാഗവും എസ് രാജേന്ദ്രന്റെ വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന ആരോപണവും പോലീസ് പരിശോധിക്കണമെന്ന് സുധാകരന്‍ വ്യക്തമാക്കി. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്ന് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയാണ് ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടി. ബസില്‍ യാത്രചെയ്യുമ്പോഴാണ് ഇയാളെ പിടിച്ചത്. ഇന്ന് കോളേജില്‍ യൂണിയന്‍ തെഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവെച്ചാണ് ധീരജിനെ നിഖില്‍ പൈലി കുത്തിയത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
എസ്‌എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പസിന് പുറത്തുളള നിഖിലാണ് ആക്രമിച്ചതെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. പോലീസും ഇതേ കാര്യമാണ് വ്യക്തമാക്കുന്നത്. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പ് ക്യാമ്പസില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായതാണ് ഇന്നത്തെ ആക്രമണം. കണ്ണൂര്‍ സ്വദേശിയാണ് ധീരജ്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെയ്‌ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദ്ദേശിച്ചു. കോളേജ് അനിശ്ചിതമായി അടച്ചതായി പ്രിന്‍സിപ്പലും അറിയിച്ചു.