തിരുവനന്തപുരം: വര്‍ഗീയ ശക്തികളോട് പരസ്യമായി എതിര്‍പ്പ് പ്രഖ്യാപിച്ച് രഹസ്യമായി ചങ്ങാത്തം കൂടുന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനും സിപിഎം ഓടിനടക്കുകയാണെന്നും ഇടതുഭരണത്തില്‍ സമീപകാലത്ത് നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേല്‍പ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായത് അതിന്റെയെല്ലാം ആകെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ന്യൂനപക്ഷ -ഭൂരിപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടേണ്ടതാണെന്ന് സിപിഎം വാദിക്കുമ്പോൾ സംസ്ഥാന സര്‍ക്കാറിന്റെ പല നിലപാടുകളും അത്തരക്കാര്‍ക്ക് സഹായകരമാണ്. വര്‍ഗീയ ശക്തികളെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കുകയുമാണ് ഇടതുപക്ഷം ചെയ്യുന്നത്. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമില്ല’, സുധാകരന്‍ വ്യക്തമാക്കി.
‘വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് രാഷ്ട്രീയ നാടകം കളിക്കാനും അവരെ സംരക്ഷിച്ച് രക്ഷപ്പെടുത്താനും സര്‍ക്കാര്‍ എഴുതിയ തിരക്കഥ സിപിഎം നടപ്പാക്കുകയാണ്. ധീരപരിവേഷത്തോടെ അത്തരക്കാര്‍ക്ക് അറസ്റ്റ് വരിക്കാന്‍ അവസരം സൃഷ്ടിക്കുന്നതെല്ലാം അതിന്റെ ഭാഗം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇല്ലായിരുന്നില്ലെങ്കില്‍ കഥ മറ്റൊന്നായേനെ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.