തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് തലസ്ഥാന നഗരത്തിന് അഞ്ച് കിലോമീറ്റര്‍ പുറത്തേക്ക് മാറ്റാനുള്ള നീക്കം വന്‍ വിവാദങ്ങള്‍ക്ക് വഴിതുറക്കുന്നു. സെക്രട്ടേറിയറ്റ് മാറ്റം കൊണ്ട് പിണറായി സര്‍ക്കാര്‍ ഉന്നം വെയ്‌ക്കുന്നത് രണ്ടുലക്ഷം കോടിയുടെ തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചതോടെയാണ് ഇതിന് രാഷ്ട്രീയമാനം കൈവന്നത്.
സെക്രട്ടേറിയറ്റിന് എന്താണ് പോരായ്‌മയെന്നും ആര്‍ക്കെങ്കിലും ഇതുകൊണ്ട് ദുരിതമുണ്ടോയെന്നുമുള്ള സുധാകരന്റെ ചോദ്യം എങ്ങും അലയടിക്കുകയാണ്. സാമ്ബത്തിക ഞെരുക്കത്തില്‍ ജനം പൊറുതുമുട്ടുമ്പോഴാണ് പുതിയ പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തെന്നും സുധാകരന്‍ ആരോപിച്ചു. എന്നാല്‍ സെക്രട്ടേറിയറ്റ് മാറ്റുന്നതടക്കം വിഎസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തില്‍ ചെയര്‍മാനായി അഞ്ചംഗസമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.
ഭരണപരിഷ്‌കാര കമ്മിഷന്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ശമ്ബളപരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഭരണനിര്‍വഹണം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകള്‍ കുറയ്ക്കുക, സെക്രട്ടേറിയറ്റില്‍നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകള്‍ തത്തുല്യ തസ്തികയില്‍ മാത്രം കൈകാര്യംചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനര്‍നിര്‍ണയിച്ച് ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ കമ്മിഷനുകള്‍ മുന്നോട്ടുവെച്ചിരുന്നു. ഇവയെല്ലാം വിലയിരുത്തി ഉടനടി ചെയ്യേണ്ടത്, സമീപഭാവിയില്‍ ചെയ്യേണ്ടത്, കൂടുതല്‍ സമയമെടുത്ത് നടപ്പക്കേണ്ടത് എന്നിങ്ങനെ തരംതിരിച്ച് ശുപാര്‍ശ നല്‍കാനാണ് സമിതിയോട് നിര്‍ദേശിച്ചത്. മൂന്നുമാസമാണ് കാലാവധി. മാനേജ്‌മെന്റ് ഉപദേശങ്ങള്‍ക്ക് കോഴിക്കോട്ടെ ഐഐഎമ്മിന്റെ സേവനം പ്രയോജനപ്പെടുത്തും.
2021 മാര്‍ച്ചിലാണ് സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍നിന്ന് മാറ്റണമെന്ന ശുപാര്‍ശ ഭരണപരിഷ്‌കാര കമ്മിഷന്‍ മുന്നോട്ടുവെച്ചത്. ഇപ്പോഴത്തെ കെട്ടിടത്തിന് ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട്. 1865ല്‍ തിരുവിതാംകൂര്‍ രാജാവ് ആയില്യം തിരുനാള്‍ തറക്കല്ലിട്ടു, 69ല്‍ പൂര്‍ത്തിയായി. ആര്‍ക്കിടെക്‌ട് വില്യം ബാര്‍ട്ടണ്‍ 1933ല്‍ പുതിയ കെട്ടിടത്തിന്റെ പണിതുടങ്ങി. 39ല്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ഉദ്ഘാടനം ചെയ്തു. 1949ല്‍ സെക്രട്ടേറിയറ്റായി പുനര്‍നാമകരണം ചെയ്തു. 1939 മുതല്‍ 1998 വരെ നിയമസഭയും ഈ സമുച്ചയത്തിലായിരുന്നു.
സൗത്ത് ബ്ലോക്ക് 1961ലും സൗത്ത് സാന്‍ഡ് വിച്ച് ബ്ലോക്ക് 1971ലും നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക് 1974ലും നോര്‍ത്ത് ബ്ലോക്ക് 1982ലും പൂര്‍ത്തിയായി. അനക്സ് ഒന്ന് 1995ലും അനക്സ് രണ്ട് 2016ലുമാണ് നിര്‍മിച്ചത്. പാളയത്തുനിന്ന് അഞ്ച് കിലോമീറ്ററെങ്കിലും അകലെയായിരിക്കണം പുതിയകെട്ടിടം. കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും ഇതിനായി നിര്‍ദേശിച്ചു. തായ് കെട്ടിടവും പിന്നീട് കൂട്ടിച്ചേര്‍ത്ത നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളും നവീകരിക്കണം. ഇരുവശത്തായും തായ് കെട്ടിടത്തെയും ഇരു ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാന്‍ഡ്‌വിച്ച് ബ്ലോക്കുകള്‍ പൊളിക്കണം. സെക്രട്ടേറിയറ്റ് വളപ്പിനുപുറത്ത് അനക്സായി നിര്‍മിച്ച രണ്ട് കെട്ടിടങ്ങള്‍ വിവിധ കമ്മിഷനുകള്‍ക്ക് ഓഫീസാക്കാം. സെക്രട്ടേറിയറ്റിനു ചുറ്റും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും മാളുകളും ക്രമീകരിക്കാമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനെ സിപിഎം ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷകക്ഷികളും എതിര്‍ക്കുക മാത്രമല്ല സുപ്രീംകോടതി വരെ കേസും നടന്നു. ഒടുവില്‍ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് നിര്‍മ്മാണം തുടങ്ങാനായത്. നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. 900 കോടിയോളം രൂപ ചെലവിലാണ് മന്ദിര നിര്‍മ്മാണം. പുതിയ ടെക്നോളജി ഉപയോഗിക്കാന്‍ പറ്റുന്ന എല്ലാ സംവിധാനങ്ങളും മന്ദിരത്തില്‍ ഉണ്ടാവും.