പാലക്കാട് : സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുളളൂവെന്നും സുധാകരന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയേറെ പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തതെന്നും പറയണം. അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം കൂടിയിട്ടോ അല്ല. വിദഗ്ദ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ദ്ധ ചികിത്സയ്ക്കും കോടിയേരി പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ.പി ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും. മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു.