കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ്, സി പി എം, മുസ്ലീം ലീഗ് ഉള്‍പ്പടെയുളള പാര്‍ട്ടികളുടെ കളളപ്പണം കേരളത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് ആയിരം കോടി രൂപയുടെ കളളപ്പണമാണ് പിടിച്ചത്. ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഡി എം കെ 25 കോടി രൂപയാണ് സി പി എമ്മിന് നല്‍കിയത്. അത് കളളപ്പണമാണോ വെളളപ്പണമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പുകമറ സൃഷ്‌ടിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വെറുതെ ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുകയാണ്. നുണക്കഥകളാണ് സംസ്ഥാനത്ത് പ്രചരിക്കുന്നത്. നോട്ടീസ് കിട്ടിയ ഒരു ബി ജെ പി നേതാവും സഹകരിക്കാതിരുന്നില്ല. ആരും നെഞ്ച് വേദനയെന്നോ കൊവിഡ് പോസ്റ്റീവെന്നോ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അന്വേഷണത്തോട് ബി ജെ പിക്ക് നിസഹകരണമില്ല. പുറത്തുവരുന്ന വാര്‍ത്തകളില്‍ ഒരംശം പോലും സത്യമില്ല. ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുകയാണ്. ഏത് അന്വേഷണത്തെയും ബി ജെ പി സ്വാഗതം ചെയ്യുന്നു. കേസിലെ ബാക്കി തുക കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തത് എന്താണെന്നും സുരേന്ദ്രന്‍ ചോദിച്ചു.