തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുള്ള കാര്യങ്ങൾ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിഫ്ബിയുടെ പേരിൽ ധനമന്ത്രി ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന മന്ത്രിമാർക്ക് അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിഷേപമുണ്ടെന്നാണ് വാർത്തകൾ വരുന്നത്. യു.ഡി.എഫ്. നേതാക്കളും മോശമല്ല. ഇവരെല്ലാം അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികളാണ് വിദേശത്ത് നിക്ഷേപിക്കുന്നത്. തോമസ് ഐസക് വിദേശനിക്ഷേപത്തെക്കുറിച്ച് എന്താണ് മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തുവരാൻ തുടങ്ങിയത്. കേന്ദ്രത്തിൽ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയിൽ നടക്കുന്നത്. ബാർ കോഴക്കേസ് അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫ്. നേതാക്കൾക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി. ബാർ ഉടമകൾ പിരിച്ച പണം എവിടേക്ക് പോയെന്നും സുരേന്ദ്രൻ ചോദിച്ചു.