കോഴിക്കോട് : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കാനിടയില്ല. പ്രധാന നേതാക്കളെല്ലാം മത്സരിക്കുന്ന സാഹചര്യത്തില്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുത്ത് നടത്തേണ്ടതുള്ളത് കൊണ്ടാണ് സുരേന്ദ്രന്‍ മാറി നില്‍ക്കാന്‍ ആലോചിക്കുന്നത്. ഇങ്ങനെയൊരു നിര്‍ദേശം കെ.സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക് അങ്ങോട്ട് വെച്ചതാണ്. പക്ഷെ ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. സുരേന്ദ്രന്‍ ഇങ്ങനെ ഒരു നിര്‍ദേശം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
കെ.സുരേന്ദ്രന്‍ കോഴിക്കോട് ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചിരുന്നു. അല്ലെങ്കില്‍ മഞ്ചേശ്വരത്തോ, കോന്നിയിലോ മത്സരിക്കാനുള്ള സാധ്യതയായിരുന്നു കണ്ടത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, നടന്‍ സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, അബ്ദുള്ളക്കുട്ടി തുടങ്ങിയവരെല്ലാം മത്സര നിരയിലുണ്ടെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാമെന്ന് സുരേന്ദ്രന്‍ അറിയിച്ചത്.
ഇതിന് പുറമെ ബി.ജെ.പി സാധ്യത കരുതുന്ന വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി സംബന്ധിച്ച നിര്‍ദേശം തേടി ദേശീയ നേതൃത്വം നടത്തിയ സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്. ഇതു കൂടി മാനിച്ചുകൊണ്ടായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം.
അടുത്തമാസം ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ കേരളത്തിലെത്തും.