റാന്നി: ദാരിദ്രമേഖലയിലെ കോടിക്കണക്കിനാള്‍ക്കാരെ പുരോഗതിയുടെ പാതയിലേയ്ക്കാനയിച്ച സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള വിജയ യാത്രയ്ക്ക് റാന്നിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ചേര്‍ന്നു സംസ്ഥാനത്തെ വികസനത്തില്‍ പിന്നോട്ടടിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക രംഗത്തു തളര്‍ച്ചയും വിലക്കയറ്റവും സൃഷ്ടിച്ചവരാണവര്‍. വ്യവസായങ്ങളില്ല, സമ്പൂര്‍ണ്ണ പരാശ്രയ സംസ്ഥാനമായി കേരളം മാറി. നമ്പര്‍ വണ്‍ കേരളം എന്നു പറയുന്നവര്‍ അത് കോവിഡ് രോഗികളുടെ കണക്കിലാണെന്ന് സമ്മതിക്കണം. കേന്ദ്രം നല്‍കുന്ന കോവിഡ് വാക്സീന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഒരു സംവിധാനവുമില്ല. നമ്പര്‍ വണ്‍ തള്ളാണ് ഇവിടെ നടക്കുന്നത്. ഏറ്റവും കൂടുതല്‍ പട്ടിണി കേരളത്തിലാണ്. സ്ത്രീ പീഡനവും ദളിത് പീഡനവും കേരളത്തിലാണ്. കേന്ദ്ര കൃഷി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിഷേധിച്ചിരിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. സൗജന്യ വൈദ്യുതിയും കുടിവെള്ളവും പേരുമാറ്റി കേരളത്തിന്റെ പദ്ധതി ആക്കുകയാണ്. കേരള സര്‍ക്കാര്‍ കൊടുക്കുന്ന പരസ്യം പോലും വിദേശത്തു നിന്നു വായ്പയെടുത്താണ്.
പിന്‍വാതില്‍ നിയമനം നടത്തി യുവാക്കളെ വഞ്ചിച്ച സര്‍ക്കാരാണിത്. പ്രളയത്തിന്റെ പേരില്‍ കോടികള്‍ പിരിച്ചവര്‍ ഒരു രൂപപോലും ആര്‍ക്കും കൊടുത്തില്ല. ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ രാഹുല്‍ഗാന്ധിക്ക് കടലില്‍ ചാടേണ്ടി വരും. ലൗവ്ജിഹാദ് ശക്തി പ്രാപിച്ചെന്നും ഇതില്‍ നിന്നും നിങ്ങളെ മോചിപ്പിക്കാന്‍ മോദിക്കെ കഴിയുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന് വികസനവും സമാധാനവും ഉണ്ടാവണമെങ്കില്‍ ബി.ജെ.പി കേരളം ഭരിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സ്വീകരണ സമ്മേളനം ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലകുട്ടി ഉദ്ഘാടനം ചെയ്തു. റാന്നി മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി.കുറുപ്പ് അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.