മഞ്ചേശ്വരം : ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്‍പ്പെട്ട മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രതിഭാഗത്തിന് തിരിച്ചടി. ബി ജെ പി നേതാവ് വി.ബാലകൃഷ്ണ ഷെട്ടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അഞ്ചാം പ്രതിയും ബി ജെ പി സംസ്ഥാന സമിതി അംഗവുമായ വി.ബാലകൃഷ്ണ ഷെട്ടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തള്ളിയത്.
ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയെ ഭീഷണിപ്പെടുത്തി കോഴ നല്‍കി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ച കേസില്‍ ജൂണ്‍ 6 ന് പ്രതികള്‍ക്കെതിരെ പട്ടിക ജാതി- പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബാലകൃഷ്ണ ഷെട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.
തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും പാരിതോഷികം നല്‍കിയെന്നും സുന്ദര വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്. സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞടുപ്പ് ഏജന്റായിരുന്ന ബാലകൃഷ്‌ണ ഷെട്ടിയുടെ നേതൃത്വത്തിലാണ് സുന്ദരയെ കെ സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട്ടെ ഹോട്ടല്‍ മുറിയിലെത്തിച്ചത്. തുടര്‍ന്ന് കാസര്‍കോട് കലക്ടറേറ്റില്‍ കൊണ്ടുപോയി പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു.