റാന്നി : എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് സാമന്യ നീതി നിഷേധവും ഗൂഡാലോചനയുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്‍.ഡി.എയുടെ പെരുനാട് പഞ്ചായത്തു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ അന്വേക്ഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സി.പിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മാര്‍ത്ഥതയില്ലായ്മ പുറത്തു വന്നതായും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ എന്‍.എസ്.എസിനെതിരെ മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരിഞ്ഞതോടെ അവരുടെ ഇരട്ടത്താപ്പ് പുറത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആത്മാര്‍ത്ഥതയില്ലാത്ത അവകാശ വാദമാണവര്‍ നടത്തുന്നത്. കേന്ദ്ര നേതൃത്വം സി.പി.എമ്മിനെ തള്ളിപ്പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമായ റാന്നിയിലും അടുത്ത മണ്ഡലമായ കോന്നിയിലും വിജയം സുനിശ്ചിതമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ മാമ്പാറയിലെ ഹെലിപാഡില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ കെ.സുരേന്ദ്രന്‍ റോഡു മാര്‍ഗം കോന്നിക്കു പോയി. നേതാക്കളായ ടി.ആര്‍ അജിത്ത് കുമാര്‍, ഷൈന്‍ ജി.കുറുപ്പ്, സ്ഥാനാര്‍ഥി കെ പത്മകുമാര്‍, പി.വി അനോജ് കുമാര്‍, മനീഷ്, ബോബി കാക്കാനപ്പള്ളി, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.