തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സില്‍വര്‍ലൈനിന് വേണ്ടി ശ്രമിക്കുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോള്‍ മലയാളികള്‍ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോണ്‍ഗ്രസും ദുഖിക്കുകയുമാണ് ചെയ്തത്. കമ്മീഷന്‍ അടിക്കാന്‍ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശയ്ക്ക് കാരണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപ മുതല്‍ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സില്‍വര്‍ലൈനിനും വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കയ്യിട്ട് വാരാന്‍ മാത്രം ഉദ്ദേശിച്ചാണെന്നും അദ്ദഹം പറഞ്ഞു.
അതേസമയം കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ പ്രായോഗികമല്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എം.ഡിയും ബി.ജെ.പി നേതാവുമായ ഇ. ശ്രീധരന്‍. നിലവിലെ ട്രാക്ക് വെച്ച് ശരാശരി 90 കിലോമീറ്റര്‍ വേഗതയേ ലഭിക്കൂ. 160 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ശേഷിയുള്ള വന്ദേഭാരത് ട്രെയിന്‍ കൊണ്ടുവന്ന് 90 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നത് വിഡ്ഢിത്തമാണ്. നാം അവ പാഴാക്കരുത്. നിലവിലെ ട്രാക്കുകളില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയാണ് പറയുന്നത്. എന്നാല്‍, 90 മാത്രമേ ലഭിക്കുന്നുള്ളൂ. അതായത് വന്ദേഭാരതിനും ആ വേഗതയേ ലഭിക്കൂ. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും നിങ്ങള്‍ക്ക് പറയാം. എന്നാല്‍, അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.