കോഴിക്കോട്: മണിപ്പൂരിനെ കുറിച്ചൊക്കെ വേവലാതിപ്പെടുന്നവര്‍ സംസ്ഥാനത്ത് ക്രൈസ്തവ പുരോഹിതന്‍മാരെ വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ മരിച്ചത് സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണ്. ഇതിനെതിരെ പ്രതിഷേധിച്ച വികാരി ജനറല്‍ ഫാ. യുജിന്‍ പെരേരക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളത്. കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതെല്ലാം സര്‍ക്കാരിന്റെ പരാജയമാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല. മന്ത്രിമാരുടെ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല. സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ആരും മറുപടി പറയുന്നില്ല. സംസ്ഥാന ഭരണത്തില്‍ നാഥനില്ലാതെയായിരിക്കുന്നു. ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി എന്താണ് പൊതുപരിപാടികളില്‍ പങ്കെടുക്കുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തെങ്കിലും അസൗര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ പിണറായി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.