കോട്ടയം : പി.സി ജോർജുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. എന്നാൽ മുന്നണി പ്രവേശത്തിൽ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കിഫ്ബിക്കെതിരെ കേസെടുത്ത എൻഫോഴ്‌സ്‌മെന്റ് തീരുമാനം സ്വാഗതം ചെയ്യുന്നു. ഇത് മുൻകൂട്ടി കണ്ടാണ് ഐസക്ക് സി.എ.ജി റിപ്പോർട്ട് ചോർത്തിയത്. കുറഞ്ഞ പലിശയ്‌ക്ക് ലഭിക്കേണ്ട വായ്‌പ കൂടുതൽ പലിശക്കെടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാന സർക്കാർ പദ്ധതികളിൽ നിയമലംഘനം നടക്കുന്നു. ജനങ്ങളെ ഈട് നിർത്തി വായ്പകളെടുക്കുകയാണ്. കൊളളക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഹരിശ്ചന്ദ്രൻ ചമയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും കളവ് പറയുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എൽ.ഡി.എഫിന്‍റെ അഴിമതി ചോദ്യം ചെയ്യാൻ യു.ഡി.എഫ് തയാറാകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.