തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും പലരെയും മോര്‍ച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജനെന്ന് അദ്ദേഹം ആരോപിച്ചു.
ജയരാജന്‍ വീണ്ടും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കുന്നവരല്ല യുവമോര്‍ച്ചക്കാര്‍. കൊലക്കത്തി താഴെവെക്കാന്‍ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജന്‍ മലയാളികള്‍ക്ക് നല്‍കുന്നത്. ഭരണത്തിന്റെ ഹുങ്കില്‍ അക്രമ രാഷ്ട്രീയം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.