തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.ഫിറോസ് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അത്തരം അഭിപ്രായങ്ങളോട് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചാല്‍ മതിയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഷാഹീന്‍ ബാഗ് സ്ക്വയര്‍ എന്ന പേരില്‍ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെയാണ് പികെ ഫിറോസ് മറുപടിയുമായി രംഗത്തെത്തിയത്.
കെ സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല. നിയമം അനുസരിച്ചാണ് സമരം നടത്തുന്നത്. ബിജെപി അല്ല യൂത്ത് ലീഗാണ് സമരം നടത്തുന്നത്. വേണമെങ്കില്‍ നിയമം ലംഘിക്കും. കെ സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണ്, എന്നാണ് പികെ ഫിറോസ് വിമര്‍ശിച്ചത്.
കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ കുറച്ചു ദിവസമായി തീവ്രവാദികള്‍ ഷാഹീന്‍ബാഗ് സ്‌ക്വയര്‍ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കോര്‍പറേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു അനുമതിയും സമരത്തിന് കൊടുത്തിട്ടില്ല എന്നാണ് അറിഞ്ഞത്. അവിടെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.