തിരുവനന്തപുരം: ബിജെപിയില്‍ ഗ്രൂപ്പുകളില്ലെന്നും പാര്‍ട്ടിയിലെ എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിയമിതനായതിന് ശേഷമുള്ള കെ സുരേന്ദ്രന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. പാര്‍ട്ടി എല്‍പ്പിച്ച ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും അദേഹം പറഞ്ഞു.
പാര്‍ട്ടിയിലെയും മുന്നണയിലെയും എല്ലാവരെയും ഒരു ടീമായി പ്രവര്‍ത്തിപ്പിക്കും. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തും. ബിജെപിയെ ശക്തമായി മുന്നോട്ട് കൊണ്ട് പോകാന്‍ ലഭിച്ച അവസരമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കും. അഭിപ്രായ ഐക്യത്തോടെയും സമവായത്തോടെയും മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.