തൃക്കാക്കര : തൃക്കാക്കരയിലെ പോളിംഗ് കുറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഴയില്ലാതിരുന്നിട്ടും പോളിംഗ് ശതമാനം കുറഞ്ഞത് പരിശോധിക്കപ്പെടണം. ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ പോൾ ചെയ്‌തുവെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. രണ്ട് മുന്നണികളോടും വോട്ടർമാർക്ക് താൽപ്പര്യം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൃക്കാക്കരയിൽ എൽഡിഎഫിനും യുഡിഎഫിനും വിജയസാധ്യതയെന്ന് ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്‌ണൻ. ആര് ജയിച്ചാലും നേരിയ മാർജിനിലായിരിക്കും കടന്നുകൂടുക. വിജയ പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും ബിജെപി നല്ല മത്സരം കാഴ്ചവച്ചു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് ബാങ്കുകളിൽ ബിജെപി വിള്ളലുണ്ടാക്കിയെന്നും എ.എൻ രാധാകൃഷ്‌ണൻ പ്രതികരിച്ചു. തൃക്കാക്കരയില്‍ ബിജെപി കരുത്ത് കാട്ടുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി എ.എന്‍ രാധാകൃഷ്ണന്റെ അവകാശവാദം.
തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ല. കള്ളവോട്ട് നടന്നെങ്കിലും യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. കൂടാതെ പോളിംഗ് കുറഞ്ഞത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് ഉമ തോമസ് പ്രതികരിച്ചു. മുഖ്യമന്ത്രി എത്തിയിട്ടും ജയിക്കില്ലെന്ന് മനസിലാക്കിയാണ് സിപിഐ എം കള്ളവോട്ട് ചെയ്‌തതെന്നും ഉമ തോമസ് പറഞ്ഞു. സര്‍ക്കാരിന്റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫ്. പാർട്ടി വോട്ടുകൾ കൃത്യമായി വോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കോർപ്പറേഷൻ മേഖലയിലാണ് പോളിങ് കുറഞ്ഞതെന്നും അത് ബാധിക്കില്ലെന്നും ജോ ജോസഫ് പറഞ്ഞു.