പാലക്കാട് : ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനും യോഗ്യനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമോയെന്ന സ്ഥാനാർത്ഥിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. ബിജെപി സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് അല്‍പ്പായുസ് മാത്രമേയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ കേന്ദ്ര നേതൃത്വം ആണ് തീരുമാനിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു തര്‍ക്കവും ബിജെപിയില്‍ ഇല്ല. ജയിക്കാന്‍ കഴിയുന്ന ഒരാളുടെ പേര് ഉയര്‍ന്നു വരും. ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന് തുടക്കമാണ്.
ഐഎന്‍ഡി മുന്നണിക്കെതിരായി ജനങ്ങളുടെ പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി നിയമസഭയില്‍ ആളുകള്‍ പ്രവേശിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്. ജനങ്ങളുടെ ശരിയായ ശബ്ദം കേരള നിയമസഭയില്‍ പ്രതിധ്വനിപ്പിക്കാന്‍ സഹായകമാകുന്ന വിധിയായിരിക്കും വരാന്‍ പോകുന്നത് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫും യുഡിഎഫും എല്ലാ വിഷയങ്ങളിലും സമാനമായ നിലപാട് സ്വീകരിക്കുന്നെന്നും വഖഫ് ഭേദഗതിക്കെതിരെ നിയമസഭയില്‍ ഏകകണ്‌ഠേന പ്രമേയം പാസാക്കിയതിനെ ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഡീലാണെന്നും ഡീലിന്റെ ഭാഗമായാണ് ഇ ശ്രീധരനെ പാലക്കാട് പരാജയപ്പെടുത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് യുഡിഎഫ് ചേലക്കരയില്‍ എല്‍ഡിഫ് എന്നാണ് ഡീല്‍. യുഡിഎഫ് എല്‍ഡിഎഫ് നേതാക്കള്‍ സഹായിച്ചാണ് പി പി ദിവ്യ പെട്രോള്‍ പമ്പ് തുടങ്ങുന്നത്. പെട്രോള്‍ പമ്പിന് പിന്നില്‍ ഉന്നതനായ ഡി സി സി അംഗമാണുള്ളത് അദ്ദേഹം വ്യക്തമാക്കി.