തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബൂത്തുതലത്തിലെ കണക്കുകൾ പുറത്തായതോടെ വരുന്നത് രസകരമായ കണക്കുകൾ. 140 മണ്ഡലങ്ങളിലെ 318 ബൂത്തുകളിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ഒരു വോട്ടു പോലും കിട്ടിയില്ല. ബിജെപി മുന്നണിക്ക് ഒരു വോട്ടു പോലും കിട്ടാത്ത ബൂത്തുകൾ കൂടുതൽ ഉള്ളത് പൊന്നാനി നിയോജക മണ്ഡലത്തിൽ ആണ്. 34 ബൂത്തിലാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും കിട്ടാതായത്.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിലും ബിജെപിക്ക് ഒരു വോട്ടു പോലും കിട്ടാത്ത ബൂത്തുകൾ ഉണ്ട്. കോന്നിയിൽ രണ്ടും, മഞ്ചേശ്വരത്തു രണ്ടും ബൂത്തുകളിലാണ് സുരേന്ദ്രന് ഒരു വോട്ടു പോലും കിട്ടാതെ വന്നത്. ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് ഇത്തരമൊരു തിരിച്ചടിയുണ്ടായത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.
ബിജെപിക്ക് ഒരു വോട്ട് മാത്രം കിട്ടിയ 493 ബൂത്തുകളും ഉണ്ട്. അതിൽത്ഥം ബൂത്ത്തലത്തിലുള്ള നേതാക്കളുടെ കുടുംബത്തിലെ വോട്ടുകൾ പോലും കിട്ടിയില്ല. ഇതു ബിജെപി കേന്ദ്രനേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. നേരത്തെ ബൂത്തു തലങ്ങളിൽ വോട്ടർ പട്ടികകൾ കേന്ദ്രികരിച്ച് പേജ് പ്രമുഖ് എന്ന പേരിൽ ഒരോരുത്തർക്കും ചുമതല ആർഎസ്എസ് നൽകിയിരുന്നു. എന്നാൽ ഇത്തരത്തിൽ ബൂത്തുകളിൽ ഒരു വോട്ടു പോലും കിട്ടാതിരുന്നത് ആർഎസ്എസിനും തിരിച്ചടിയായി.